English| മലയാളം

ആമുഖം

2010 നവംബര്‍ 30 ന് തൃക്കാക്കര നഗരസഭ നിലവില്‍ വന്നു. അതു വരെ എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ ഇടപ്പള്ളി ബ്ളോക്കില്‍ കാക്കനാട്, വാഴക്കാല എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തായിരുന്നു തൃക്കാക്കര. 27.46 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നഗരസഭയുടെ അതിരുകള്‍ വടക്ക് എടത്തല പഞ്ചായത്ത്, കളമശ്ശേരി മുനിസിപ്പാലിറ്റി, തെക്ക് തിരുവാങ്കുളം, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തുകള്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, കിഴക്ക് വടവുകോട് പുത്തന്‍കുരിശ്, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകള്‍, പടിഞ്ഞാറ് കൊച്ചി കോര്‍പ്പറേഷന്‍ എന്നിവയാണ്. കാക്കനാട് ആസ്ഥാനമായാണ് നഗരസഭ പ്രവര്‍ത്തിക്കുന്നത്. മഹാനഗരമായ കൊച്ചിക്ക് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തൃക്കാക്കര എന്ന ഈ ഗ്രാമത്തിന് മഹത്തായ ഒരു സാംസ്ക്കാരിക പൈതൃകമാണുള്ളത്. വാഴക്കാല, കാക്കനാട് എന്നീ രണ്ടു റവന്യൂ വില്ലേജുകളിലും, ഇടപ്പള്ളി വികസന ബ്ളോക്കിലുള്‍‌പ്പെടുന്ന തൃക്കാക്കര, ജില്ലയുടെ ഭരണകേന്ദ്രം സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ്. വാമനമൂര്‍ത്തിയുടെ ഏകക്ഷേത്രം ഇന്ത്യയില്‍ത്തന്നെ ഒന്നുള്ളത് തൃക്കാക്കരയിലാണ്. തൃക്കാക്കരയുടെ സമഗ്രവികസനത്തിന് അടിത്തറ പാകിയത്, 1957-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയുടെ കാലത്ത് സി.അച്ചുതമേനോന്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിനുവേണ്ടി ശിലാസ്ഥാപനം നടത്തിയതോടുകൂടിയാണ്. അതിനുശേഷം തൃക്കാക്കരയുടെ വികസനം പടിപടിയായി ഉയര്‍ന്നു. ജില്ലയുടെ ആസ്ഥാനം തൃക്കാക്കരയിലായിരിക്കണമെന്ന ദീര്‍ഘവീക്ഷണത്തോടെ കളക്ടറേറ്റ് കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും, 1979-ല്‍ എറണാകുളം പട്ടണത്തില്‍ സ്ഥിതിചെയ്തിരുന്ന ജില്ലാആസ്ഥാനം തൃക്കാക്കരയിലേക്ക് മാറ്റിസ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അതിനോടനുബന്ധിച്ച് ടൌണില്‍ പ്രവര്‍ത്തിച്ചിരുന്ന മിക്കവാറും എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തൃക്കാക്കരയിലേക്കു മാറി. വിദ്യാഭ്യാസ മേഖലയിലും തൃക്കാക്കര മുന്‍പന്തിയില്‍ത്തന്നെ നില്ക്കുന്നു. മാവേലി മന്നന്റെ നാടായ തൃക്കാക്കരയുടെ സാംസ്ക്കാരിക പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തിരുവോണവും തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ ആഘോഷങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ പലതും നഷ്ടപ്പെട്ട തൃക്കാക്കരയുടെ സാംസ്കാരിക ജീവന് നവോന്മേഷം കൈവന്നത് സിവില്‍ സ്റ്റേഷന്‍ ഇവിടെ സ്ഥാപിക്കപ്പെട്ടതോടുകൂടിയാണ്. എറണാകുളത്തും പരിസരങ്ങളിലും ജോലി ചെയ്യുന്ന അനേകമാളുകള്‍ ഇവിടെ താമസം ആരംഭിച്ചതോടുകൂടി തൃക്കാക്കരയുടെ നവീനഘട്ടം ആരംഭിക്കുകയായി.