English| മലയാളം

ചരിത്രം

ഭരണപരമായ ചരിത്രം

 

1953-ലാണ് തൃക്കാക്കര പഞ്ചായത്ത് ആദ്യമായി രൂപം കൊണ്ടത്. തുടക്കത്തില്‍ 6 വാര്‍ഡുകളും, 7 മെമ്പര്‍മാരുമാണ് ഉണ്ടായിരുന്നത്. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് യശഃശരീരനായ കെ.പി.കുര്യന്‍ ആയിരുന്നു. ഓണവും മഹാബലിയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ് തൃക്കാക്കരയുടെ പൌരാണിക പ്രശസ്തി ആരംഭിക്കുന്നത്. തൃക്കാക്കര ക്ഷേത്രവും, തൃക്കാക്കര അപ്പനും ഐതിഹ്യപ്രസിദ്ധമാണ്. പെരുമാള്‍ ഭരണകാലത്ത് പ്രസിദ്ധമായ ഒരു സ്ഥലമായിരുന്ന തൃക്കാക്കര അന്ന് കാല്‍ക്കരനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് ചരിത്രരേഖകളില്‍ കാണുന്നു. അക്കാലത്തുള്ള പല ശിലാഫലകങ്ങളും, ശില്പങ്ങളും ക്ഷേത്രപരിസരത്തുനിന്നും കണ്ടുകിട്ടിയിട്ടുണ്ട്. മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന്റെ ഉറവിടം ഐതീഹ്യപരമായി തൃക്കാക്കരയാണ്. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ........ എന്നു തുടങ്ങുന്ന ആ ഈരടികള്‍ ഓരോ മലയാളിയുടെയും നാവില്‍ മങ്ങാതെ മായാതെ നിലകൊള്ളുന്നു. മഹാബലിരാജാവിന്റെ ഭരണതലസ്ഥാനം തൃക്കാക്കരയായിരുന്നു. ഏകദേശം 16 ഏക്കറിലായി വ്യാപിച്ചുകിടന്ന ആസ്ഥാനവും ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. മഹാവിഷ്ണുവിന്റെ പാദസ്പര്‍ശം ഏറ്റ സ്ഥലമായതിനാലാണ് തൃക്കാല്‍ക്കര എന്ന പേരില്‍ അറിയപ്പെട്ടിരുന്നതെന്നും അത് ക്രമേണ ലോപിച്ച് തൃക്കാക്കര ആയതാണ് എന്നുമാണ് ചരിത്രസത്യാന്വേഷികളുടെ നിഗമനം. രാജഭരണകാലത്ത് 28 ദിവസത്തെ ഓണാഘോഷം ഉണ്ടായിരുന്നത് ഇപ്പോള്‍ 10 ദിവസമായി ചുരുങ്ങി. പഞ്ചപാണ്ഡവന്മാരുടെ ഒളിത്താവളമായിരുന്ന അരക്കില്ലം സ്ഥിതി ചെയ്തിരുന്നതും തൃക്കാക്കരയിലാണ് എന്ന് പറയപ്പെടുന്നു. ഇവിടെ കളക്ടറേറ്റിനോട് അടുത്തു സ്ഥിതി ചെയ്യുന്ന മുടിക്കുഴിപ്പുറം എന്ന സ്ഥലത്ത് ഇപ്പോഴും പാണ്ഡവര്‍ ഉപയോഗിച്ചിരുന്നതായിപ്പറയുന്ന ഗുഹയും മറ്റും കാണാം. ഗുഹയുടെ ഉള്‍വശത്ത് ഭീമന്റെ കിരീടം മുട്ടിയതായി പറയുന്ന കിരീടത്തിന്റെ രൂപത്തിലുള്ള പാടുകള്‍ കാണാമായിരുന്നു. ഗുഹയുടെ ഒരറ്റം ഇരുമ്പനം എന്ന സ്ഥലത്തും കാണാം. പണ്ടുകാലത്ത് ഹിടുമ്പവനം പില്‍ക്കാലത്ത് ഇരുമ്പനം ആയി എന്നാണ് ചരിത്രം പറയുന്നത്. ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടെയും പാരമ്പര്യമേറെയുള്ള തൃക്കാക്കരയുടെ മണ്ണില്‍ പൌരാണികകാലം മുതല്‍ ഹൈന്ദവരും, മുസ്ളീങ്ങളും, ക്രിസ്ത്യാനികളും തികഞ്ഞ മതസൌഹാര്‍ദ്ദത്തോടെ താമസിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ക്ളബ്ബുകള്‍, വായനശാലകള്‍ തുടങ്ങിയ കലാസാംസ്കാരിക കേന്ദ്രങ്ങള്‍ തൃക്കാക്കരയുടെ എല്ലാ മുക്കിലും മൂലയിലുമുണ്ട്. തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി, കോല്‍കളി, പരിചമുട്ട്, അറവനമുട്ട്, പുലിക്കളി തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ കേളീരംഗമായിരുന്നു ഈ നാട്. ഇന്നും ചില ഭാഗങ്ങളില്‍ ഇവ നിലനില്‍ക്കുന്നു. ധാരാളം കഥകളി ആസ്വാദകരും, കലാകാരന്മാരും തൃക്കാക്കരയില്‍ ജീവിക്കുന്നു. ഓട്ടംതുള്ളലിനും ഈ നാട്ടില്‍ പ്രചാരം ഉണ്ട്. വിവിധ മതവിഭാഗക്കാര്‍ പരസ്പരം സഹകരിച്ചുകൊണ്ട് ഒരുമയോടെ ജീവിക്കുന്നു. മതപരമായ ഉത്സവങ്ങള്‍, പെരുന്നാളുകള്‍, പൂരങ്ങള്‍ എന്നിവ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു. ജാതിമതഭേദമെന്യേ ആളുകള്‍ പങ്കെടുക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഇവിടുത്തെ കലാ സാംസ്ക്കാരിക ജീവതത്തെ വളരെയേറെ പരിപോഷിപ്പിക്കുന്നുണ്ട്. 1989 മുതല്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ലൈബ്രറിയാണ് തൃക്കാക്കരയിലെ പ്രധാനപ്പെട്ട വായനശാല.തെങ്ങോട് ഗ്രാമീണ വായനശാല, തുതിയൂര്‍ ജനകീയ വായനശാല, തോപ്പില്‍ വായനശാല, ശ്രീനാരായണ വായനശാല, കൈരളീ വായനശാല എന്നിവയും ഇവിടുത്തെ ജനങ്ങളുടെ വായനാശീലത്തെ പരിപോഷിപ്പിക്കുന്നു. കലാലയമായ ഭാരതമാതാ കോളേജിലെ വന്‍ഗ്രന്ഥശേഖരം യുവമാനസങ്ങളെ വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലേക്ക് പറന്നുയരാന്‍ സഹായിക്കുന്നു.